Deepu's CoRnEr

my world

മൈ ഫാം -കളിയുംകാര്യവും

ഫെയ്‌സ്ബുക്കില്‍ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ കൃഷിചെയ്തും ആടുമാടുകളെ വളര്‍ത്തിയും ‘സമ്പന്ന’ന്മാരായ നിരവധി പേരുണ്ട് നമുക്കു ചുറ്റും. ഫാംവില്ലെ എന്ന നാശം പിടിച്ച ഗെയിമിനേക്കുറിച്ച് വിലപിച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാക്കളാവാനും പലരും ശ്രമിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടറിനു മുന്നില്‍ കൃഷി ചെയ്യുന്ന നേരം കൊണ്ട് നാലു വാഴത്തൈ നട്ടു വെള്ളമൊഴിച്ചാല്‍ … എന്നു വഴക്കു പറയാന്‍ വരട്ടെ. www.my-farm.org.uk എന്ന വെബ്‌സൈറ്റിലൊന്നു പോയി നോക്കിയിട്ടാവാം, ബാക്കി.

ലോകത്തിന്റെ ഏതെങ്കിലും മൂലയിലെ സെര്‍വറിലുള്ള വര്‍ച്വല്‍ കൃഷിയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഫാംവില്ലെയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് ‘മൈഫാം’ തുടങ്ങിയതെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിക്കും, അത്രമാത്രം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിലെ വിംപോല്‍ എസ്‌റ്റേറ്റില്‍ 2500 ഏക്കറുള്ള യഥാര്‍ത്ഥ ഫാമില്‍ കൃഷിയിറക്കാനുള്ള അവസരമാണ് മൈഫാം നല്‍കുന്നത്. ആട് കോഴി മുതല്‍ മരങ്ങള്‍വരെയുണ്ട് അവിടെ. നാഷണല്‍ ട്രസ്റ്റ് നടത്തുന്ന ഫാമില്‍ റിച്ചാര്‍ഡ് മോറിസ് എന്ന മാനേജരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയ പാരമ്പര്യമുള്ള ഫാമാണ് ഇത്.

ഫാംവില്ലെ പോലെ സൗജന്യമല്ല ഇവിടത്തെ കൃഷി. വെറുതെ കണ്ണില്‍ കണ്ടവരെയൊക്കെ വിളിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുവരാനും പറ്റില്ല. മൈഫാമില്‍ കൃഷിയിറക്കാന്‍ മുപ്പതു പൗണ്ട് കൈയില്‍ വേണം, അതും ഒരു വര്‍ഷത്തേക്ക്. ആദ്യത്തെ പതിനായിരം പേരെ മാത്രം കൃഷിയിടത്തില്‍ ഇടപെടാന്‍ അനുവദിക്കും. മൈഫാമിന്റെ വെബ്‌സൈറ്റില്‍ കയറി ആദ്യം രജിസ്റ്റര്‍ ചെയ്യണം, പിന്നീട് ഈ വെബ്‌സൈറ്റുവഴിയാണ് നമ്മള്‍ ഫാമിലെ കൃഷിയും മറ്റു കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത്. മുപ്പതു പൗണ്ട് കൊടുത്താല്‍ മുപ്പത്തിയെട്ടു പൗണ്ട് വരുന്ന ഫാമിലി ടിക്കറ്റ് തരും, ഫാം സന്ദര്‍ശിക്കാന്‍. തല്‍ക്കാലം അത്രയേയുള്ളൂ.

 

കൃഷിയേക്കുറിച്ചുമൊക്കെയുള്ള വിപുലമായ ചര്‍ച്ചാവേദിയാണ് മൈഫാമിന്റെ കാതല്‍. അംഗങ്ങള്‍ വോട്ടിങിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. ഭൂരിപക്ഷാഭിപ്രായമനുസരിച്ച് മാനേജരുടെ നേതൃത്വത്തില്‍ ഫാമില്‍ കാര്യങ്ങള്‍ നടക്കും. മെയ്മാസം 26 മുതല്‍ അഗംങ്ങള്‍ വെബ്‌സൈറ്റുവഴി നടത്തുന്ന വോട്ടെടുപ്പിലൂടെ പ്രധാന തീരുമാനങ്ങളെടുക്കും. മാസത്തില്‍ ഒരിക്കലെങ്കിലും നടക്കുന്ന ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും ഫാമിന്റെ സുതാര്യമായ ഭരണം മുന്നോട്ടു പോകും. ഇപ്പോള്‍ പച്ചപ്പുല്ലും തണുത്ത കാറ്റുമുള്ള ഫാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വെര്‍ച്വല്‍ ലോകത്തേതുപോലെ യഥാര്‍ത്ഥ ലോകത്തുനടത്തുന്ന കൃഷി സൂപ്പര്‍ഹിറ്റാകുമോ എന്നു ചോദിച്ചാല്‍ റിച്ചാര്‍ഡ് മോറിസിന് ഒരു ഉത്തരമേ തരാനുള്ളൂ. കൃഷിക്ക് അതെ എന്നോ അല്ല എന്നോ വ്യക്തമായ ഉത്തരം തരാനാകില്ല, കൃഷി എന്നാല്‍ എപ്പോഴും വിട്ടുവീഴ്ചയാണ്. എന്നുവെച്ചാല്‍ വിശാലമനസും ശുഭാപ്തിവിശ്വാസവുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മൈഫാമിലെത്താം. വെറുതെ ഗെയിം കളിച്ച് കളയുന്ന ബുദ്ധി ക്രിയാത്മകമാക്കാം.

മൈഫാം എന്ന സങ്കല്പത്തിനു പിന്നില്‍ മറ്റൊരു കച്ചവട ബുദ്ധിയുമുണ്ട്. ലോകത്തെ പലരുടേയും ബുദ്ധിയുപയോഗിച്ച് വിക്കിപ്പീഡിയ ഭൂലോകബുദ്ധിമാനായതുപോലെയൊരെണ്ണം. വിവിധ രാജ്യത്തുനിന്നും വിവിധ സംസ്‌കാരത്തിന്റെ (കാര്‍ഷിക എന്നുകൂടി കൂട്ടിവായിക്കണം) പ്രതിനിധികളായ പതിനായിരം പേരാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഒന്നോരണ്ടോ പേര്‍ക്ക് പകരം പതിനായിരം പേരുടെ തലയാണ് 2500 ഏക്കര്‍ ഫാമിന്റ വികസനത്തിനായി പ്രവര്‍ത്തിക്കുക എന്നര്‍ഥം. എന്നു വെച്ചാല്‍ മൈഫാം സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പ്. മൈഫാമിലെ പ്രാരംഭചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.

Leave a comment